വല്ലകം (വൈക്കം) പാറയില്‍ കുടുംബയോഗ ചരിത്രം / Parayil family history (Vaikom)

പുരാതനകാലത്ത് AD 52-ല്‍ കേരളത്തില്‍ വന്ന ക്രിസ്തുശിഷ്യനായ മാര്‍തോമാശ്ലീഹായില്‍ നിന്നും ക്രൈസ്തവസന്ദേശം സ്വീകരിച്ചവരുടെ സന്താനപരമ്പരകളാണ് കേരളത്തിലെ പുരാതന സുറിയാനി ക്രസ്ത്യാനികള്‍ എന്ന് അഭിമാനിച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. ഈ പൂര്‍വ്വിക പാരമ്പര്യത്തില്‍പ്പെട്ട തൊടുപുഴ മുതലക്കോടം പാറയില്‍ കുടുംബത്തില്‍ (Parayil Family, Muthalakkodam, Thodupuzha) നിന്നും നല്ല കൃഷി സ്‌ഥലങ്ങൾ അന്വേഷിച്ച് പൂര്‍വ്വികര്‍ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, വയനാട്  തുടങ്ങിയ ജില്ലകളില്‍ പല സ്‌ഥലങ്ങളിലായി കുടിയേറിപാര്‍ത്തിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമല്ല. പഴമക്കാരായ കാരണവന്‍മാരും അപ്പന്‍മാരും കൈമാറിയ അറിവുകളിലൂടെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

ഒരു വിഭാഗം പൂര്‍വ്വികര്‍ വൈക്കം വല്ലകത്തു താമസ്സമാക്കി. അവരുടെ പിന്‍തലമുറക്കാര്‍ ആണ് ഇന്ന് വല്ലകത്തു താമസിക്കുന്ന പാറയില്‍ കുടുംബാംഗങ്ങള്‍ (Parayil Family, Vallakom, Vaikom) .ആദ്യകാലത്ത് വല്ലകം പ്രദേശത്ത് പള്ളി സൗകര്യം ഇല്ലാതിരുന്നതിനാല്‍ പാറയില്‍ കുടുംബത്തിലെ മണ്‍മറഞ്ഞുപോയ പലരും വൈക്കം, വടയാര്‍, പള്ളിപ്പുറം പള്ളികളില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. പാറയില്‍ വലിയ അപ്പൂപ്പന്റെ (തുരുത്തല്ലിയില്‍ വര്‍ക്കി / Thuruthalliyil – Parayil Varkey) (ഇതിനു മുന്‍പുള്ള വിവരങ്ങള്‍ ലഭ്യമല്ലമൂന്ന് ആണ്‍മക്കളുടെ സന്താനപരമ്പരകളാണ് ഇന്ന് വല്ലകം ഇടവക പ്രദേശത്ത് താമസിക്കുന്നവര്‍. ഇവരില്‍ ചിലര്‍ വിദേശത്തും, കേരളത്തിനുപുറത്തും, കേരളത്തില്‍ മറ്റുജില്ലകളിലും താമസിക്കുന്നു.

തുരുത്തല്ലിയില്‍ വര്‍ക്കിയുടെ മൂന്ന് ആണ്‍മക്കളില്‍ മൂത്തമകന്‍ വര്‍ക്കി, ഇല്ലിക്കല്‍ വീട്ടിലും, രണ്ടാമത്തെ മകന്‍ ഔസേപ്പ്, പൂത്തറ വീട്ടിലും, മൂന്നാമത്തെ മകന്‍ ഉലഹന്നാന്‍, പാറയില്‍ (Parayil) വീട്ടിലും താമസിച്ചു. അവരുടെ മക്കളും, മക്കളുടെ മക്കളും ഈ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ഒത്തൊരുമയോടും, സഹകരണ മനോഭാവത്തോടും കൂടി തങ്ങളുടെ ഐക്യം ഊട്ടി ഉറപ്പിക്കണം എന്ന കാഴ്ചപ്പാടോടെയാണ് പാറയില്‍ കുടുംബകൂട്ടായ്മ തുടങ്ങണം എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

ഇതിന്റെ മുന്നോടിയായി 2005-ഒക്ടോബര്‍ മാസത്തിലെ ഒന്നാം തീയതി 8-വീട്ടുകാര്‍ ഒരുമിച്ചു ചേര്‍ന്ന് സായാഹ്നങ്ങളില്‍ കൊന്തനമസ്കാരവും പ്രാര്‍ത്ഥനയും നടത്തണം എന്ന് തീരുമാനിച്ചു. തുടര്‍ന്ന് ബാക്കി കുടുംബക്കാരേയും കൂടി പങ്കെടുപ്പിച്ച് എല്ലാ വീടുകളിലും പ്രാര്‍ത്ഥനായോഗം കൂടുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് 2005-ഒക്ടോബര്‍ മാസം 18-നു കൂട്ടായ്മയില്‍ അംഗം ആയ ശ്രീ സാജു പാറയില്‍ സംഭാവന ചെയ്ത പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപം, വല്ലകം പള്ളി വികാരി ഫാ:തോമസ്‌ പുതിയവെളി ആശിര്‍വദിച്ചുതരുകയും, അന്നേ ദിവസം വൈകിട്ട് മണിക്ക് ശ്രീ പാറയില്‍ ജോര്‍ജിന്റെ വസതിയില്‍ വച്ച് കൊന്ത നമസ്കാരം ആരംഭിക്കുകയും ചെയ്തു. പാറയില്‍ കുടുംബയോഗത്തില്‍ അംഗങ്ങള്‍ ആയ വല്ലകം പ്രദേശത്ത് താമസിക്കുന്ന 15 വീടുകളിലും മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ടിച്ച് ജപമാല സമര്‍പ്പിക്കുകയും, കുടുംബാംഗങ്ങള്‍ ഒത്തൊരുമയോടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് 1/11/2005-ല്‍ ശ്രീ കുര്യച്ചന്‍ പാറയില്‍ പുത്തന്‍പുരക്കലിന്റെ വസതിയില്‍ വച്ച് നടന്ന പ്രാര്‍ത്ഥനയിലും, പൊതുയോഗത്തിലും, സല്‍ക്കാരത്തിലും എല്ലാ കുടുംബങ്ങളും പങ്കെടുക്കുകയും ഈ കുടുംബ കൂട്ടായ്മ വളരെ ശക്തിയോടെ, പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ ഇടവകയ്ക്ക് മാതൃകയായി പ്രവൃത്തിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. മാതാവിന്റെ പ്രത്യേക കൃപയാല്‍, പാറയില്‍ കുടുംബയോഗകൂട്ടായ്മ (Parayil Family Meet) സന്തോഷത്തോടെ ഇന്നും മംഗളമായി മുന്നോട്ട് പോകുന്നു

Comments are closed.